വാഷിങ്ടൺ: യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സാമൂഹികമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽനിന്ന്‌ സ്ഥിരം വിലക്കിക്കൊണ്ടുള്ള തീരുമാനം അനുചിതമെന്ന് ഫെയ്‌സ്ബുക്കിന്റെ അവലോകന ബോർഡ്. വ്യക്തമായ മാനദണ്ഡങ്ങളില്ലാതെയായിരുന്നു ആ നടപടി. തീരുമാനം പുനഃപരിശോധിക്കാനും സാധാരണ ഉപഭോക്താക്കൾക്കും സ്വീകാര്യമായ രീതിയിൽ നയം രൂപവത്കരിക്കാനും ആറുമാസത്തെ സമയം ഫെയ്‌സ്ബുക്കിന് അനുവദിക്കുന്നതായും ബോർഡ് വ്യക്തമാക്കി. അതേസമയം, വിലക്ക് നീക്കാൻ ബോർഡ് തയ്യാറായില്ല.

ഫെയ്‌സ്ബുക്കിന്റെ സാധാരണ അച്ചടക്കനടപടികളിൽനിന്ന്‌ വിഭിന്നമായുള്ള സ്ഥിരം വിലക്ക് നീതിക്ക്‌ നിരക്കുന്നതല്ലെന്നും ബോർഡ് വിലയിരുത്തി. ഫെയ്‌സ്ബുക്കിനോട് എല്ലാ ഉപഭോക്താക്കളോടും ഒരുപോലെ പെരുമാറാൻ ആവശ്യപ്പെടുന്നതായി ബോർഡ് മേധാവി ഹെല്ലെ തോണിങ് ഷ്മിഡ്റ്റ് പറഞ്ഞു. ബോർഡിന്റെ തീരുമാനം പരിഗണിച്ച് ശരിയായ നടപടി സ്വീകരിക്കുമെന്ന് ഫെയ്‌സ്ബുക്കും പ്രതികരിച്ചു.

യു.എസ്. പാർലമെന്റ് കെട്ടിടമായ കാപ്പിറ്റോളിനുനേരെയുണ്ടായ അക്രമങ്ങൾക്ക് പ്രേരണ നൽകുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയതായി കണ്ടെത്തിയതിന് കഴിഞ്ഞ ജനുവരിയിലാണ് ഫെയ്‌സ്ബുക്ക് ട്രംപിന് വിലക്കേർപ്പെടുത്തിയത്. ട്വിറ്ററിൽനിന്നും വിലക്കുനേരിടുന്ന ട്രംപ് ചൊവ്വാഴ്ച പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു.