ജക്കാർത്ത: ഇൻഡൊനീഷ്യയിലെ മേദാനിൽ ഉപയോഗിച്ച കോവിഡ് പരിശോധനാ ഉപകരണങ്ങൾ ശേഖരിച്ച് കഴുകി വീണ്ടും വിറ്റതിന് ഔഷധനിർമാണ കമ്പനിയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തു. കുവാനമു വിമാനത്താവളത്തിൽ 9000 യാത്രക്കാരെ ഇത്തരം ഉപകരണംകൊണ്ടാണ് പരിശോധിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള കിമിയ ഫാർമ കമ്പനിയുടെ ജീവനക്കാർക്കാരുടെ പേരിലാണ് നടപടി. തെറ്റായ പരിശോധനാഫലം നൽകിയെന്ന യാത്രക്കാരന്റെ പരാതിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഫാർമയുടെ മേദാനിലെ മാനേജർ ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. പത്തുലക്ഷത്തോളം രൂപയുടെ അഴിമതിയാണ് പുറത്തായത്. കമ്പനിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഒട്ടേറെ യാത്രക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്.

ഡിസംബർ മുതൽ ഇത്തരത്തിൽ തട്ടിപ്പ് നടന്നുവരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. വിമാനത്താവളത്തിൽ എത്തുന്നവർ യാത്രയ്ക്കുമുമ്പ് കോവിഡ് ബാധയില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇത് നിർബദ്ധമാക്കിയതു മുതൽ കിമിയ ഫാർമയുടെ ഉപകരണങ്ങളാണ് വിമാനത്താവളത്തിൽ ആന്റിജൻ പരിശോധനയ്ക്ക് ഉപയോഗിച്ചിരുന്നത്.