വാഷിങ്ടൺ: ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി ലോസ് ആഞ്ജലിസ് മേയർ എറിക് ഗാർസെറ്റിയെ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചേക്കും. സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ എറിക്കിനാണ് മുൻതൂക്കമെന്നാണ് വാർത്താ സൈറ്റായ എക്സിയോസ് പുറത്തുവിട്ടത്‌.

പരിഗണനാപട്ടിക ബൈഡൻ മാർച്ചിൽ തയ്യാറാക്കിയതായും എന്നാൽ, അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബൈഡന്റെ പ്രചാരണസംഘത്തിന്റെ സഹതലവനായിരുന്ന എറിക് ഗാർസെറ്റി മേയർസ്ഥാനത്ത് തുടരാൻ ഭരണകൂടത്തിലെ സുപ്രധാന സ്ഥാനം നിരസിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏറെ നിർണായകമാണ് നിയമനം.