ബാങ്കോക്ക്: മാർഗനിർദേശങ്ങൾ ലംഘിച്ചതിന് മ്യാൻമാർ സൈന്യത്തിന്റെ അഞ്ച് ചാനലുകൾ യുട്യൂബ് നീക്കംചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്താൻ സൈന്യം വ്യാപകമായി സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുട്യൂബിന്റെ നടപടി. വിദ്വേഷപ്രചാരണം, സംഘർഷത്തിനു പ്രോത്സാഹിപ്പിക്കൽ, ഭീഷണി തുടങ്ങിയ ഉള്ളടക്കങ്ങളുള്ള ഒട്ടേറെ വീഡിയോകളും നീക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്കുപിന്നാലെ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും സൈന്യത്തിന്റെ പേജുകൾ നീക്കിയിരുന്നു.

മ്യാൻമാറിലുടനീളം വൈദ്യുതി മുടങ്ങി

നായ്‌പിഡോ: പട്ടാളഭരണകൂടത്തിനെതിരേ പ്രതിഷേധം മുറുകുന്നതിനിടെ മ്യാൻമാറിലുടനീളം വെള്ളിയാഴ്ച വൈദ്യുതി മുടങ്ങി. സിസ്റ്റം തകരാറാണ് കാരണമെന്നാണ് സർക്കാർ ഏജൻസികൾ അറിയിച്ചത്. വിവിധയിടങ്ങളിൽ നിന്നുള്ള ജനങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി വ്യാപകമായി പരാതിയുയർത്തി.