ലണ്ടൻ: ജൂലായ് 19 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ജനിതകമാറ്റം വന്ന കോവിഡ് വൈറസുകളുടെ ഫാക്ടറിയാക്കി രാജ്യത്തെ മാറ്റരുതെന്ന ഗവേഷകരായ സർക്കാർ ഉപദേഷ്ടാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാനമന്ത്രിയുടെ പുതിയ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഉടൻ ഉണ്ടാകുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു.

മഹാമാരിയിൽനിന്ന് സ്വാതന്ത്ര്യം എന്ന സർക്കാർ ലക്ഷ്യം മുൻനിർത്തി കോവിഡ് ചട്ടങ്ങളിൽ നേരത്തേതന്നെ ഇളവുകൾ നൽകിത്തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് മാർച്ചിൽ സ്കൂളുകൾ തുറന്നത്. യു.കെ.യിലെ 86 ശതമാനം മുതിർന്നവർക്കും ആദ്യഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഇളവുനൽകൽ തീരുമാനം. വരും ആഴ്ചകളിൽ നൈറ്റ്ക്ലബ്ബുകൾ, തിയേറ്ററുകൾ, പബ്ബുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കുമെന്നും മാസ്ക്, കോവിഡ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കില്ലെന്നും അഭ്യൂഹങ്ങളുണ്ട്.

കോവിഡിനെതിരേ ഏറ്റവും ദൈർഘ്യമേറിയ ലോക്ഡൗൺ നടപ്പാക്കിയ രാജ്യമാണ് ബ്രിട്ടൻ. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന്റെ ആഘാതത്തിൽ കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകുന്നത് വൈകിയിരുന്നു. കഴിഞ്ഞ ആഴ്ചയിൽ യു.കെ.യിലെ കോവിഡ് ബാധിതരുടെ എണ്ണം മുൻ ആഴ്ചയെ അപേക്ഷിച്ച് 67 ശതമാനം കൂടുതലാണ്. എന്നാൽ, മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച 122 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.