ലഹോർ: പാകിസ്താനിൽ മതനിന്ദയാരോപിച്ച് ശ്രീലങ്കൻപൗരനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ വ്യാപകപ്രതിഷേധമുയർന്നതോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബയ രാജപക്സയെ ഫോണിൽ വിളിച്ചു. കൊലയ്ക്കുപിന്നിൽ പ്രവർത്തിച്ചവരോട് ക്ഷമിക്കില്ലെന്ന് ഇമ്രാൻ അദ്ദേഹത്തിന് ഉറപ്പുനൽകി. 113 പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം സുരക്ഷാസംഘം ശേഖരിച്ചുകഴിഞ്ഞെന്നും ഞായറാഴ്ച ഫോണിൽ ഇമ്രാൻ അറിയിച്ചു.

ശ്രീലങ്കൻ വസ്ത്രഫാക്ടറി ജനറൽ മാനേജർ പ്രിയന്ത കുമാര ദിയാവാദനയെയാണ് തീവ്ര മതവാദികളായ തെഹ്‌രീകെ ലബ്ബായിക് പാകിസ്താൻ (ടി.എൽ.പി.) പ്രവർത്തകർ തല്ലിക്കൊന്ന് കത്തിച്ചത്. സംഭവത്തിൽ എണ്ണൂറിലേറെ ആളുകളുടെ പേരിൽ ഭീകരവാദക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രിയന്ത കുമാരയുടെ ശരീരത്തിലെ എല്ലാം എല്ലുകളും പൊട്ടിയെന്നും 99 ശതമാനം പൊള്ളലേറ്റെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.