ഇസ്‌ലാമാബാദ്: തലവൻ സാദ് ഹുസെയ്ൻ റിസ്‌വിയെ ജയിൽമോചിതനാക്കിയതിനു പിന്നാലെ പാകിസ്താനിൽ തീവ്ര മതവാദികളായ തെഹ്‌രീകെ ലബ്ബായിക് പാകിസ്താൻ (ടി.എൽ.പി.) ശക്തിയാർജിക്കുന്നു. വെള്ളിയാഴ്ച മതനിന്ദയാരോപിച്ച് ശ്രീലങ്കൻ പൗരനെ സംഘം കൊലപ്പെടുത്തിയത് ഇതിന്റെ സൂചനയായിട്ടാണ് നിരീക്ഷകർ കാണുന്നത്. അടുത്തിടെയാണ് ഇമ്രാൻ ഖാൻ സർക്കാർ ടി.എൽ.പി.ക്കുള്ള നിരോധനം നീക്കിയത്. പ്രവർത്തകർ നടത്തിയ സമരത്തെത്തുടർന്ന് സമ്മർദത്തിനു വഴങ്ങിയായിരുന്നു ഇത്. എന്നാൽ, സമരം അവസാനിപ്പിക്കാൻ മറ്റുചില ധാരണകൾകൂടി പാക് സർക്കാരും ടി.എൽ.പി.യും തമ്മിലുണ്ടാക്കിയെന്നാണ് മനുഷ്യാവകാശസംഘടനയായ ഇന്റർനാഷണൽ ഫോറം ഫോർ റൈറ്റ്സ് ആൻഡ് സെക്യൂരിറ്റി പറയുന്നത്.

ഫ്രാൻസിൽ വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് രാജ്യത്തെ ഫ്രഞ്ച് സ്ഥാനപതിയെ പുറത്താക്കാനാവശ്യപ്പെട്ട് ടി.എൽ.പി. വ്യാപകപ്രകടനങ്ങൾ നടത്തിയിരുന്നു. പലയിടത്തും പ്രതിഷേധം അക്രമാസക്തമായതോടെ ഏപ്രിലിൽ ടി.എൽ.പി.ക്ക് സർക്കാർ വിലക്കേർപ്പെടുത്തി. പിന്നീടത് നീക്കുകയും നവംബർ 19-ന് സാദ് ഹുസെയ്നെ മോചിപ്പിക്കുകയും ചെയ്തു.