ജക്കാർത്ത: ഇൻഡൊനീഷ്യയിലെ ജാവ ദ്വീപിലുള്ള സെമെറു അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 13 ആയി. 57 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ശനിയാഴ്ച അഗ്നിപർവതത്തിൽനിന്നുയർന്ന കനത്ത ചാരം പതിച്ച് ഒട്ടേറെ വളർത്തുമൃഗങ്ങൾ ചത്തു. പശുക്കൾക്കും ആടുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. വീടുകളും കെട്ടിടങ്ങളും ചാരത്തിനടിയിലായി. പാലവും ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.

ചാരവും പുകയും പടർന്നതോടെ മേഖല ഇരുട്ടിലായതായി പ്രദേശവാസികൾ പറഞ്ഞു.

ലുമാജാങ് ജില്ലയിലെ 11 ഗ്രാമങ്ങളെ ചാരവും പുകയും ബാധിച്ചു. മേഖലയിൽനിന്ന് ഇതുവരെ 902 പേരെ ഒഴിപ്പിച്ച് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. വീടുകൾക്കുള്ളിൽ കുടുങ്ങിപ്പോയ പത്തുപേരെ രക്ഷപ്പെടുത്തി. എപ്പോഴും സ്ഫോടനാവസ്ഥയിലുള്ള സെമെറു 4300 മീറ്റർ വരെ ഉയരത്തിൽ ചാരം പുറന്തള്ളാറുണ്ട്. എന്നാൽ ശനിയാഴ്ചത്തേത് പതിവിലും ശക്തമായിരുന്നു. 2020 ഡിസംബറിലാണ് സെമെറു ഒടുവിൽ പൊട്ടിത്തെറിച്ചത്. ആയിരക്കണക്കിനുപേരെ അന്ന് ഒഴിപ്പിച്ചു.