ലണ്ടൻ: ഇന്ത്യയിൽനിന്നെത്തുന്നവർ പത്തുദിവസം ഹോട്ടൽ ക്വാറൻറീനിൽ കഴിയണമെന്ന നിബന്ധന ബ്രിട്ടൻ ഒഴിവാക്കി. രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളുടെ ചുമപ്പുപട്ടികയിൽനിന്ന്‌ ഇന്ത്യയെ മാറ്റിയതോടെയാണിത്.

എന്നാൽ, ഇവർ വീടുകളിലോ തങ്ങൾക്കിഷ്ട സ്ഥലത്തോ പത്തുദിവസം ക്വാറന്റീനിൽ കഴിയേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 18 വയസ്സിൽ താഴെയുള്ളവർക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നോ യു.എസിൽനിന്നോ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്കും ക്വാറന്റീൻ ബാധകമല്ല. അടുത്ത ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാകും തീരുമാനം പ്രാബല്യത്തിൽ വരുക.

ഇന്ത്യക്കുപുറമേ യു.എ.ഇ. ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിലും ഇത് ബാധകമാകും. തീരുമാനത്തെ രാജ്യത്തെ ഇന്ത്യൻസമൂഹം സ്വാഗതം ചെയ്തിട്ടുണ്ട്.