ദുബായ്: പ്രവേശനവിലക്ക് അവസാനിച്ചതോടെ പ്രവാസികൾ നേരിട്ട് യു.എ.ഇ.യിൽ എത്തിത്തുടങ്ങി. വിലക്ക് അവസാനിച്ച ആദ്യദിനമായ വ്യാഴാഴ്ച പ്രവാസികൾ കൂട്ടത്തോടെ യു.എ.ഇ.യിൽ എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. യു.എ.ഇ.യിൽ നിന്നുതന്നെ കോവിഡ് വാക്സിനേഷൻ സ്വീകരിച്ച താമസവിസയുള്ളവർക്കാണ് ആദ്യഘട്ടത്തിൽ മടങ്ങാൻ അനുമതി. അതുകൊണ്ടുതന്നെ ആയിരത്തിൽ താഴെമാത്രം പ്രവാസികളാണ് ആദ്യദിനം യു.എ.ഇ.യിൽ എത്തിയത്.

ഷാർജയിൽ വ്യാഴാഴ്ച രാവിലെ വന്നിറങ്ങിയവർക്ക് തലേന്ന് പുറത്തിറങ്ങിയ നിർദേശപ്രകാരം 10 ദിവസം ഹോം ക്വാറന്റീൻ ഉണ്ടായിരുന്നു. കൂടാതെ, ട്രാക്കിങ് വാച്ചും ധരിപ്പിച്ചിരുന്നു. എന്നാൽ, ഉച്ചയോടെ എയർഅറേബ്യ പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിൽ ക്വാറന്റീൻ വ്യവസ്ഥകളില്ല. അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ വന്നിറങ്ങുന്നവർക്ക് 10 ദിവസം ക്വാറന്റീനുണ്ട്. ദുബായിൽ എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. പരിശോധനാഫലം വരുന്നതുവരെയാണ് ഹോംക്വാറന്റീൻ ഉള്ളത്.

ദുബായ് വിസയുള്ളവർ താമസ-കുടിയേറ്റ വകുപ്പിന്റെയും (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) മറ്റ് എമിറേറ്റ് വിസക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൻറെയും (ഐ.സി.എ.) പുതിയ അനുമതിയുംവാങ്ങണം. അതേസമയം, ബുധനാഴ്ച പകൽ ലഭിച്ച അനുമതിപത്രങ്ങൾ യു.എ.ഇ. അസാധുവാക്കിയിരുന്നതിനാൽ പലർക്കും നാട്ടിലെ വിമാനത്താവളങ്ങളിലെത്തി മടങ്ങേണ്ടിവന്നു. താമസവിസാ കാലാവധി കഴിഞ്ഞവർ അത് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

ഇന്ത്യയിൽനിന്ന് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് നിലവിൽ യാത്രചെയ്യാൻ അനുമതിയില്ല. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാൺഡ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യു.എ.ഇ.യിൽ തിരിച്ചെത്താം.