ബയ്‌റുത്ത്: ‘‘എന്റെ വീട്ടിൽനിന്ന് ഏതാണ്ട് ഏഴുകിലോമീറ്റർ അപ്പുറമായിരുന്നു കഴിഞ്ഞദിവസം ഉഗ്രസ്ഫോടനം നടന്നെതെങ്കിലും അക്ഷരാർഥത്തിൽ ഞങ്ങൾ താമസിക്കുന്ന പ്രദേശം മുഴുവനും അതിന്റെ ശക്തിയിൽ കുലുങ്ങി” -അറബ് പരിഭാഷകനും സിനിമാ നിരൂപകനുമായ ഗവാ സെബാലി കൗബേ ബയ്‌റുത്തിലെ സ്ഫോടനത്തിന്റെ നടുക്കംമാറാതെ പറഞ്ഞു. “വളരെ സുപരിചിതരായ പല പ്രമുഖ വിദേശ ബ്രാൻഡുകളുടെയും ഷോറൂമുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ഏറ്റവുംകൂടുതൽ നാശനഷ്ടം സംഭവിച്ചത്. നേരിട്ടുപരിചയമുള്ള, ജൂവലറികളിലും മറ്റും ജോലിചെയ്യുന്ന സ്റ്റാഫിനെയൊക്കെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡൗൺടൗൺ ഭാഗത്ത് രാവിലെ ജോലിക്കുപോയ പല ആളുകളെക്കുറിച്ചും കഴിഞ്ഞദിവസംമുതൽ യാതൊരു വിവരവുമില്ല. ആളുകൾ മുഴുവൻ വീടുകളിൽ ടി.വി.യുടെ മുമ്പിൽത്തന്നെ ആയിരുന്നു. ഡൗൺടൗൺ, പോർട്ട് ഭാഗങ്ങളിലുള്ളവരാണ് കാണാതായവരിൽ ഏറെയും. ആ പ്രദേശത്തെ പല ആരാധനാലയങ്ങളും തകർന്നുതരിപ്പണമായി. ദുരന്തത്തിനിടയിലും ജനങ്ങൾ സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കയാണ്. അടുത്തകാലത്ത് സർക്കാരിനുനേരെ വൻപ്രക്ഷോഭങ്ങൾനടന്ന രാജ്യമാണ് ഞങ്ങളുടേത്. സർക്കാരിന്റെ അഴിമതിക്കുനേരെ ജനങ്ങൾ സമരങ്ങൾ നടത്തിയ സമയത്താണ് കോവിഡ് വന്നെത്തുന്നത്. ഇപ്പോൾ സ്ഫോടനവും”.
സ്ഫോടനസമയത്തെ അനുഭവങ്ങളും വ്യാപാരത്തിലുണ്ടായ നാശനഷ്ടങ്ങളുമാണ് ജൂവലറിവ്യാപാരിയായ ലുഡ്വിക് ഏപ്രേമിന് പറയാനുണ്ടായിരുന്നത്: ‘‘ഭാഗ്യംകൊണ്ടുമാത്രം ഞങ്ങളുടെ ജീവനെങ്കിലും തിരിച്ചുകിട്ടി. സ്ഫോടനം നടന്ന നിമിഷം ഓർക്കാൻപോലും ഭയമാകുന്നു. അത്രയേറെ ശബ്ദത്തിലായിരുന്നു സ്ഫോടനം. ഞങ്ങളുടെ രണ്ടുകടകൾക്കും വലിയ നഷ്ടമാണുണ്ടായത്. ചില ജോലിക്കാർക്ക് സാരമായ പരിക്കുപറ്റിയിട്ടുണ്ട്. ഞാൻ ആ സമയത്ത് നഗരഹൃദയത്തിൽത്തന്നെ ചില സുഹൃത്തുക്കൾക്കൊപ്പമുണ്ടായിരുന്നു. എന്താണ് നടന്നതെന്ന് അല്പസമയം കഴിഞ്ഞപ്പോഴാ മനസ്സിലായത്”.