വിൻഡ്‌സർ: അമേരിക്കയിലെ കിഴക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച ഐസയാസ് ചുഴലിക്കാറ്റ് വടക്കൻ കരോലൈനയിൽ വൻ നാശനഷ്ടം സൃഷ്ടിച്ചു. കാറ്റിലും മഴയിലുമായി ഒരാഴ്ചക്കിടെ ഏഴുപേർ മരിച്ചു. പെൻസിൽവേനിയ, മേരിലാൻഡ്, ഡെലാവെയർ പ്രദേശങ്ങളിലാണ് ആളപായമുണ്ടാക്കിയത്. നോർത്ത് കരോലൈനയ്ക്കടുത്തുള്ള ഓഷ്യൻ ഐൽ കടപ്പുറത്ത് തിങ്കളാഴ്ച തീരംതൊട്ട ചുഴലിക്കാറ്റ് ചൊവ്വാഴ്ച കാനഡയുടെ ഭാഗത്തേക്ക് നീങ്ങിയതാണ് നാഷണൽ ഹുരിക്കൻ സെന്റർ അറിയിച്ചു. മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് 18 മണിക്കൂർ ആഞ്ഞടിച്ച കാറ്റ് യു.എസിലെ ഈ വർഷത്തെ ഒമ്പതാമത്തെ ചുഴലിക്കാറ്റാണ്.
കാറ്റിലും മഴയിലും പല സംസ്ഥാനങ്ങളിലും വൈദ്യുതി പൂർണമായും തടസ്സപ്പെട്ടു. തെക്കുകിഴക്കൻ മോൺട്രിയലിൽനിന്ന് 45 മൈൽ അകലെയായിരുന്നു കാറ്റിന്റെ ശക്തികേന്ദ്രം. കാറ്റിന്റെ കെടുതിയിൽ കണക്ടിക്കട്ട്, ന്യൂജെഴ്‌സി, ന്യൂയോർക്ക്, സൗത്ത് കരോലൈന, വിർജീനിയ തുടങ്ങി സംസ്ഥാനങ്ങളിലും വൈദ്യുതി മുടങ്ങി. ന്യൂജെഴ്‌സിയിൽ 150 മരങ്ങളും ന്യൂയോർക്കിൽ 2000 മരങ്ങളും കടപുഴകിയതായി അധികൃതർ അറിയിച്ചു.