വാഷിങ്ടൺ: ഭാവിയിലെ ചൊവ്വാ, ചാന്ദ്ര ദൗത്യങ്ങൾക്കായി സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാർഷിപ്പ് എസ്‌.എൻ.-10 പ്രോട്ടോടൈപ്പ് റോക്കറ്റ് വിജയകരമായ ലാൻഡിങ്ങിനുപിന്നാലെ പൊട്ടിത്തെറിച്ചു. ടെക്സാസിലെ ബോക ചികയിലുള്ള വിക്ഷേപണത്തറയിൽനിന്ന് പത്തുകിലോമീറ്റർ ഉയരത്തിൽ കുതിച്ച റോക്കറ്റിന്റെ തിരിച്ചിറക്കൽ വിജയകരമായിരുന്നു. എന്നാൽ, പ്രഖ്യാപനം വന്ന് തൊട്ടുപിന്നാലെ തീപിടിച്ചു. ഇന്ധനത്തിലേക്ക് തീപടർന്നതാണ് അപകടകാരണമെന്നു കരുതുന്നു.

സ്റ്റാർഷിപ്പിന്റെ ഇതിനുമുമ്പുനടന്ന എസ്.എൻ.-8, എസ്.എൻ.-9 പ്രോട്ടോ ടൈപ്പുകളുടെ പരീക്ഷണം പൂർണപരാജയമായിരുന്നു. ഡിസംബറിലും ഫെബ്രുവരിയിലുമായിരുന്നു അത്. പരീക്ഷണങ്ങളിൽ റോക്കറ്റുകൾ ലാൻഡിങ്ങിനുമുമ്പേ പൊട്ടിത്തെറിക്കുകയായിരുന്നു.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുമെന്നു കരുതുന്ന മെഗാ റോക്കറ്റാണ് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ്. 2023-ഓടെ 12 പേരെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യത്തിന് സ്റ്റാർഷിപ്പ് ഉപയോഗപ്പെടുത്താനാണ് സ്പേസ് എക്സ് സ്ഥാപകൻ എലൺ മസ്ക് പദ്ധതിയിടുന്നത്.