യുണൈറ്റഡ് നേഷൻസ്: 2023-നെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയം യു.എൻ. പൊതുസഭ അംഗീകരിച്ചു. 70 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഇന്ത്യ നിർദേശം മുന്നോട്ടുവെച്ചത്. ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ചും മാറുന്ന കാലാവസ്ഥയിൽ അവ കൃഷിചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയത്തെക്കുറിച്ചും അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.

ഇന്ത്യയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ്, കെനിയ, നേപ്പാൾ, നൈജീരിയ, റഷ്യ, സെനഗൽ എന്നീ രാജ്യങ്ങൾ ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. മുൻകൈയെടുത്ത ഇന്ത്യയെ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അഭിനന്ദിച്ചു.

ചോളം, റാഗി, പഞ്ഞപ്പുല്ല്, ചാമ, തിന തുടങ്ങിയവയാണ് ചെറുധാന്യങ്ങളിൽപെടുന്നത്. പല രാജ്യങ്ങളിലും ഇവ കുറയുകയാണ്. അതിനാൽ പോഷകഗുണം തിരിച്ചറിഞ്ഞ് കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്ന് ഇന്ത്യയുടെ ഐക്യരാഷ്ട്രസഭ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു. ഒപ്പം, ഇവയുടെ ഉത്‌പാദനക്ഷമത, ഗവേഷണം, വികസന-നിക്ഷേപങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്തുകയും വേണം. വിവിധ രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ഉറപ്പുവരുത്താനും കർഷകർക്ക് ഉപജീവനമാർഗം കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.