നായ്‌പിഡോ: തുടർച്ചയായി പോലീസ് വെടിവെപ്പിൽ മരണങ്ങൾ റിപ്പോർട്ട്ചെയ്തെങ്കിലും മ്യാൻമാറിൽ പട്ടാളഭരണകൂടത്തിനെതിരായ പ്രതിഷേധത്തിൽ അയവില്ല. യങ്കൂൺ, മണ്ഡാലെ അടക്കം വ്യാഴാഴ്ച പ്രധാനമായും മൂന്നിടങ്ങളിലാണ് പ്രതിഷേധം നടന്നത്. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ബലംപ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. അതിനിടെ, ബുധനാഴ്ചത്തെ അടിച്ചമർത്തലിൽ 38 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിനുണ്ടായ പട്ടാള അട്ടിമറിക്കുപിന്നാലെ ഇതുവരെ 54 പേർ രാജ്യത്ത് കൊല്ലപ്പെട്ടു. 1700-ഓളം പേർ ജയിലിലായി. അതിനിടെ പ്രതിഷേധക്കാരെ വിരട്ടാൻ പോലീസും പട്ടാളക്കാരും ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. കാണുന്നവരെയെല്ലാം വെടിവെക്കുമെന്ന് പട്ടാളക്കാർ ഭീഷണിപ്പെടുത്തുന്ന വീഡിയോകളാണ് പുറത്തുവരുന്നത്. ഇത്തരത്തിലുള്ള 800-ലേറെ വീഡിയോകളാണ് ഇതിനകം പ്രചരിച്ചത്. കൊലപാതകം അവസാനിപ്പിക്കാൻ മ്യാൻമാറിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.