വാഷിങ്ടൺ: യു.എസിന്റെ വിശ്വാസ്യതയും ആഗോളനേതൃത്വവും തിരിച്ചുപിടിക്കുമെന്ന് ജോ ബൈഡൻ ഭരണകൂടം. അന്താരാഷ്ട്ര അജൻഡ സൃഷ്ടിക്കുന്നത് സ്വേച്ഛാധിപത്യനിലപാടുള്ള ചൈനയല്ല, യു.എസ്. തന്നെയാണെന്ന് ഉറപ്പുവരുത്തുമെന്ന് ബുധനാഴ്ച രാജ്യത്തു പുറത്തിറക്കിയ ഇടക്കാല ദേശീയ സുരക്ഷാ മാർഗനിർദേശത്തിൽ പറയുന്നു.

ആഗോളതലത്തിൽ പുതിയ മാനദണ്ഡങ്ങളും കരാറുകളും രൂപപ്പെടുത്തുന്നതിന് ഇന്ത്യപോലുള്ള രാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്നും ചൈനീസ് നിലപാടുകളോട് ജാഗ്രത പാലിക്കുന്ന മാർഗരേഖയിൽ പറയുന്നു. ചൈനയുടെ ദേശീയ സാമ്പത്തിക നയങ്ങളെ പ്രതിരോധിക്കാനുള്ള നയങ്ങളാണ് ഇതിലേറെയുമുള്ളത്. ലോകരാജ്യങ്ങളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിലൂടെ അന്താരാഷ്ട്ര നേതൃത്വം ഉറപ്പാക്കുക, ചൈനയല്ല അന്താരാഷ്ട്ര അജൻഡ നിശ്ചയിക്കുന്നതെന്ന് ലോകരാജ്യങ്ങളിൽ തോന്നലുണ്ടാക്കുക തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.

യു.എസിൻറെ താത്പര്യങ്ങൾക്കനുസരിച്ച് പുതിയ ആഗോള മാനദണ്ഡങ്ങളും കരാറുകളും രൂപപ്പെടുത്തുന്നതിന് മറ്റ് രാജ്യങ്ങളോടൊപ്പംചേർന്ന് പ്രവർത്തിക്കും. ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളും. മനുഷ്യാവകാശ ലംഘനത്തിനെതിരേ സമാന ചിന്താഗതിയുള്ള രാജ്യങ്ങളോടൊപ്പം നിന്ന് പോരാടും. ഹോങ് കോങ്, സിൻജിയാങ്, ടിബറ്റ് എന്നിവിടങ്ങളിലെ ജനങ്ങൾക്കൊപ്പം നിൽക്കും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കും. ന്യൂസീലൻഡ്, സിങ്കപ്പൂർ, വിയറ്റ്‌നാം, ആസിയാൻ അംഗരാജ്യങ്ങൾ തുടങ്ങിയവരുമായി നയതന്ത്രബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മാർഗരേഖയിൽ പറയുന്നു.