ലഹോർ: പാകിസ്താനിൽ ശ്രീലങ്കൻപൗരനെ ആൾക്കൂട്ടം തല്ലിക്കൊന്നതിനുപിന്നാലെ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകപ്രതിഷേധം. ശ്രീലങ്കൻ പാർലമെന്റും പ്രധാനമന്ത്രി മഹിന്ദ രാജപക്സയും ശനിയാഴ്ച സംഭവത്തെ അപലപിച്ചു. നടന്നത് ഭീതിപ്പെടുത്തുന്ന സംഭവമാണെന്നും രാജ്യത്തിനിത് അപമാനത്തിന്റെ ദിനമാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. അന്വേഷണത്തിന് തന്റെ മേൽനോട്ടവും ഇമ്രാൻ ഉറപ്പുനൽകി. ദൈവനിന്ദയാരോപിച്ചാണ് ശ്രീലങ്കൻ വസ്ത്രഫാക്ടറി ജനറൽ മാനേജർ പ്രിയന്ത കുമാരയെ തീവ്ര മതവാദികളായ തെഹ്‌രീകെ ലബ്ബായിക് പാകിസ്താൻ (ടി.എൽ.പി.) പ്രവർത്തകർ തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചത്. ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരുമെന്ന വാഗ്ദാനം ഇമ്രാൻ ഖാൻ പാലിക്കുമെന്ന് കരുതുന്നുവെന്ന് രാജപക്സ പറഞ്ഞു. സംഭവത്തിൽ എണ്ണൂറിലേറെ ആളുകളുടെ പേരിൽ ഭീകരവാദക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രധാന പ്രതികളായ 13 പേരടക്കം 118 പേരെ ഇതുവരെ അറസ്റ്റുചെയ്തു.