വാഷിങ്ടൺ: യു.എസിലെ മിഷിഗൺ സംസ്ഥാനത്തെ ഓക്സ്ഫഡ് സ്കൂളിൽ നാലു സഹപാഠികളെ വെടിവെച്ചുകൊന്ന കൗമാരക്കാരന്റെ മാതാപിതാക്കളെ പോലീസ് അറസ്റ്റുചെയ്തു. കുറ്റകൃത്യം ചെയ്യുന്നതിൽനിന്ന് കുട്ടിയെ തടയുന്നതിൽ പരാജയപ്പെട്ടതിനാണ് ജെയിംസ്, ജെന്നിഫെർ ക്രംബ്ലി എന്നിവരെ അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച ഇരുവർക്കുമെതിരേ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. പിന്നാലെ ഇവർ ഒളിവിൽപ്പോയെങ്കിലും ശനിയാഴ്ച ഓക്‌ലാൻഡ് കൗണ്ടിയിൽവെച്ച് അറസ്റ്റുചെയ്തു. അച്ഛന്റെ തോക്കുകൊണ്ടാണ് വിദ്യാർഥി സഹപാഠികളെ വെടിവെച്ചുകൊന്നതെന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു.