വാഷിങ്ടൺ: അനധികൃതമായി യു.എസിൽ പ്രവേശിച്ച മൂന്ന് ഇന്ത്യൻ പൗരന്മാർ വെർജിൻ ദ്വീപുകളിൽ അറസ്റ്റിലായി. കൃഷ്ണബെൻ പട്ടേൽ (25), നികുഞ്ജ്‌ കുമാർ പട്ടേൽ (27), അശോക്‌കുമാർ പട്ടേൽ (39) എന്നിവരാണ് പിടിയിലായത്. 2019-ൽ അനധികൃതമായി രാജ്യത്തുപ്രവേശിച്ചതിന്റെ പേരിൽ കാലിഫോർണിയയിൽവെച്ച് ഉദ്യോഗസ്ഥർ ഇവരെ പിടികൂടി ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഇത്തവണ, ഫ്ളോറിഡയിലേക്ക് പോകാനുള്ള ശ്രമത്തിനിടെ സെയ്‌ന്റ് ക്രോയിക്സ് വിമാനത്താവളത്തിൽ നവംബർ 24-ന് വീണ്ടും അറസ്റ്റിലാവുകയായിരുന്നു. മൂവരുടെയും പേരിൽ ക്രിമിനൽക്കുറ്റം ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കി. കുറ്റം തെളിയിക്കപ്പെട്ടാൽ പത്തുകൊല്ലംവരെ തടവുലഭിക്കാം. ശേഷം, നാടുകടത്തുകയുംചെയ്തേക്കും.