പാരിസ്: ഫ്രാൻസിൽ ഡെൽറ്റ വകഭേദം ശക്തമായതോടെ കോവിഡിന്റെ നാലാം തരംഗം ആരംഭിച്ചു. ഫ്രഞ്ച്‌ അധീനതയിലുള്ള കോർസിക ദ്വീപിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളേർപ്പെടുത്തി. 1.3 ലക്ഷം പേർ എത്തിയ അവധിക്കാല ആഘോഷങ്ങൾക്കുപിന്നാലെ ഇവിടെ രോഗവ്യാപനം കൂടുകയായിരുന്നു. രാജ്യത്തിന്റെ തീരപ്രദേശങ്ങളിലടക്കം മുഖാവരണം വീണ്ടും നിർബന്ധമാക്കി. വിദൂര പ്രദേശങ്ങളിൽ സഹായമെത്തിക്കാൻ സൈന്യത്തെ നിയോഗിക്കാൻ പ്രധാനമന്ത്രി ഴാൻ കാസ്റ്റെക്സിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം തീരുമാനിച്ചു. ആശുപത്രി ജീവനക്കാരുടെ ജോലിസമയം വർധിപ്പിച്ചു. ഇവർക്ക് നേരത്തേ ഏർപ്പെടുത്തിയിരുന്ന അധിക ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചു. 26,829 പേർക്കാണ് ചൊവ്വാഴ്ച രാജ്യത്ത്‌ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 61.78 ലക്ഷം ആയി. 1.11 ലക്ഷം പേർ മരിച്ചു.

ചൈനയിൽ രോഗികളുടെ എണ്ണം വർധിച്ചു

ബെയ്ജിങ്: ചൈനയിൽ രോഗികളുടെ എണ്ണത്തിൽ വർധന. ബുധനാഴ്ച 71 പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ടുചെയ്തു. ജനുവരിക്കുശേഷം പ്രതിദിന രോഗികളുടെ ഏറ്റവും ഉയർന്ന കണക്കാണിത്. തീരദേശ പ്രവിശ്യയായ ജിയാങ്സുവിലെ നാൻജിങ് പ്രവിശ്യയിലാണ് കൂടുതൽ രോഗബാധിതർ. കോവിഡിന്റെ ഉദ്‌ഭവകേന്ദ്രമായ വുഹാനിൽ 19 കേസുകൾ റിപ്പോർട്ടുചെയ്തു.