ലണ്ടൻ: കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരേ പുതിയ വാക്സിനുകൾ ആവശ്യമായിവന്നേക്കുമെന്ന് ഗവേഷകർ. ഡെൽറ്റയിലെ മാംസ്യ തന്മാത്രകൾക്ക് നിലവിലെ വാക്സിനുകൾ ഫലപ്രദമാകാത്ത ഘട്ടത്തിലേക്ക് പരിവർത്തനം സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നിഗമനമെന്ന് ഗവേഷകർ പറഞ്ഞു.

ബ്രിട്ടീഷ് ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്. 98,000 പേരുടെ സാംപിളുകളാണ് ഗവേഷണത്തിന് വിധേയമാക്കിയത്. രോഗബാധയെ തടയുന്നതിലുള്ള വാക്സിൻറെ ഫലപ്രാപ്തി ഒരു മാസത്തിനിടെ 64-ൽനിന്ന് 49 ശതമാനമായി കുറഞ്ഞുവെന്ന് പഠനത്തിൽ കണ്ടെത്തി. രോഗം മാരകമാകുന്നതിൽനിന്നുള്ള സംരക്ഷണം 83-ൽനിന്ന് 59 ശതമാനമായും. യു.എസ്., ബ്രിട്ടൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് വാക്സിൻ വിതരണത്തിൽ മുന്നിട്ടുനിൽക്കുന്നത്. എന്നാൽ, ഡെൽറ്റ വ്യാപിച്ചതിനെത്തുടർന്ന് ഇവിടങ്ങളിലെ പുതിയ രോഗികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണവും ഗണ്യമായി വർധിച്ചു. പ്രശ്നങ്ങൾക്കിടയിലും നിലവിലെ വാക്സിനുകൾ മെച്ചപ്പെട്ട സംരക്ഷണം നൽകുന്നുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.