ലണ്ടൻ: കോവിഡ് ബാധിതരായ കുട്ടികളിൽ ദീർഘകാല രോഗലക്ഷണങ്ങൾക്കുള്ള സാധ്യത കുറവാണെന്ന് പഠനം. ഭൂരിഭാഗം കുട്ടികളിലും ആറുദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പൂർണമായും മാറും. ഒരു മാസത്തിൽക്കൂടുതൽ രോഗലക്ഷണങ്ങൾ നിലനിൽക്കുന്നത് അസാധാരണമാണെന്നും ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ചെറുരോഗമായാണ് കുട്ടികളിൽ കോവിഡ് പ്രകടമാകുക. എളുപ്പം സുഖംപ്രാപിക്കുകയും ചെയ്യും. അഞ്ചിനും 11-നും ഇടയിൽ പ്രായമുള്ളവരെക്കാൾ തീവ്രമായാണ് 12-നും 17-നും ഇടയിൽ പ്രായമുള്ളവരെ രോഗം ബാധിക്കുന്നത്. മറ്റുരോഗങ്ങളുള്ളവർക്ക് അപകടസാധ്യത സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.

കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന്‌ ‘സോയ് കോവിഡ് സ്റ്റഡി’ എന്ന മൊബൈൽ ആപ്പുപയോഗിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. കോവിഡ് കുട്ടികളിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ആദ്യ വിശദപഠനമാണിത്. ബ്രിട്ടനിലെ അഞ്ചിനും 17-നും ഇടയിൽ പ്രായമുള്ള രണ്ടരലക്ഷം കുട്ടികളുടെ വിവരങ്ങൾ വിശകലനം ചെയ്തു. 2020 സെപ്റ്റംബറിനും 2021 ഫെബ്രുവരി 22-നും ഇടയിലുള്ള വിവരങ്ങളാണ് ശേഖരിച്ചത്. ലണ്ടനിലെ കിങ്സ് കോളേജിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ.