കാബൂൾ: അഫ്ഗാനിസ്താനിലെ കാബൂളിൽ ആക്ടിങ് പ്രതിരോധമന്ത്രി ബിസ്‌മില്ലാ ഖാൻ മുഹമ്മദിന്റെ വസതിക്കുനേരെ താലിബാൻ ആക്രമണം. കാർബോംബ് സ്ഫോടനത്തിലും വെടിവെപ്പിലുമായി എട്ടുപേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു.

ആക്രമണം നടക്കുമ്പോൾ മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. മന്ത്രിയുടെ വസതിയിലേക്ക് അതിക്രമിച്ചുകടക്കാൻ ശ്രമിച്ച നാലുഭീകരരെയും സുരക്ഷാസേന വധിച്ചു.

ചൊവ്വാഴ്ച രാവിലെ നഗരത്തിലെ അതിസുരക്ഷാമേഖലയിലാണ് സംഭവം. ഏറ്റുമുട്ടൽ മൂന്നു മണിക്കൂറോളം നീണ്ടു. ചാവേറാക്രമണമാണ് ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു.

സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത താലിബാൻ ഭരണനേതാക്കൾക്കുനേരെ കൂടുതൽ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.

ഭയപ്പെടാനൊന്നുമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആക്രമണത്തിനുപിന്നാലെ ബിസ്‌മില്ല പ്രതികരിച്ചു. അക്രമം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യ നിർമിച്ച സൽമ അണക്കെട്ടിനുനേരെയുള്ള ആക്രമണം തടഞ്ഞു

കാബൂൾ: ഹെറാത്ത് പ്രവിശ്യയിൽ ഇന്ത്യ നിർമിച്ച സൽമ അണക്കെട്ടിനുനേരെ താലിബാൻ ഭീകരർ നടത്തിയ ആക്രമണം അഫ്ഗാൻ സുരക്ഷാസേന നിഷ്‌ഫലമാക്കി. ഇന്ത്യൻ-അഫ്ഗാൻ സൗഹൃദ അണക്കെട്ട് എന്നറിയപ്പെടുന്ന ‘സൽമ’യെ ആക്രമിക്കാൻ ചൊവ്വാഴ്ച രാത്രിയാണ് താലിബാൻ ശ്രമിച്ചതെന്ന് അഫ്ഗാൻ പ്രതിരോധമന്ത്രാലയ വക്താവ് ഫവദ് അമൻ പറഞ്ഞു.

സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരർക്കും കനത്ത നഷ്ടമുണ്ടായി. അവർ മേഖല വിട്ടിട്ടുണ്ട്. 1457 കോടി രൂപ മുതൽമുടക്കി ഇന്ത്യ നിർമിച്ച അണക്കെട്ട് പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലാണുള്ളത്. കഴിഞ്ഞ മാസവും താലിബാൻ അണക്കെട്ടിനെ ലക്ഷ്യമിട്ട് ഷെല്ലാക്രമണവും റോക്കറ്റാക്രമണവും നടത്തിയിരുന്നു.