ദുബായ്: ഗൾഫിലുടനീളമുള്ള കോവിഡ് കേസുകളുടെ വർധനയെത്തുടർന്ന് അധികൃതർ ജാഗ്രത കടുപ്പിച്ചു. ഒമാനിൽ മേയ് 31 വരെയുള്ള കാലയളവ് കൂടുതൽ നിർണായകമാണെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനൽകി. ഈ കാലയളവിൽ വ്യാപനം ശക്തമായേക്കുമെന്നാണ് വിവരം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശനിയാഴ്ചമുതൽ ഒമാനിലെ എല്ലാ ക്ഷേത്രങ്ങളും ക്രിസ്ത്യൻ ആരാധനാലയങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ ഒമാൻ മതകാര്യമന്ത്രാലയം നിർദേശിച്ചു.

കോവിഷീൽഡ് വാക്സിന്റെ ആദ്യ ബാച്ച് ശനിയാഴ്ച രാജ്യത്തെത്തിയതായി ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം ഇതുപോലെ തുടരുകയാണെങ്കിൽ റംസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കും. കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭ പരിഗണിക്കുമെന്നറിയുന്നു. നിലവിൽ 22 വരെ ഭാഗിക കർഫ്യൂ നിലവിലുണ്ട്. റംസാനു ശേഷമുള്ള അവസ്ഥ അനുസരിച്ചായിരിക്കും തീരുമാനം നടപ്പാക്കുക. അതിനിടെ കുവൈത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീട്ടി. ഒരറിയിപ്പുണ്ടാകുന്നതുവരെ വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരാനാണ് തീരുമാനം.

കോവിഡ് കേസുകളിൽ പ്രതിദിന വർധന രേഖപ്പെടുത്തുന്നതിനാൽ ഖത്തർ വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഖത്തർ ആരോഗ്യ ഉദ്യോഗസ്ഥരാണ് പൂർണ ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം 53 ഗുരുതര കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇപ്പോൾ 300-ലേറെ കേസുകളായി. വ്യാപനം ചെറുക്കാനുള്ള ഏറ്റവുംനല്ല മാർഗം സമ്പൂർണ അടച്ചിടൽ തന്നെയാണെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ തീവ്രപരിചരണ വിഭാഗം ചെയർമാൻ അഹമദ് അൽ മൊഹമ്മദ് അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയിൽ കേസുകൾ വർധിച്ചതിനെത്തുടർന്ന് കനത്തജാഗ്രത പാലിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ‘തീരുമാനം നിങ്ങളുടെ കൈകളിൽ’ എന്ന തലക്കെട്ടോടുകൂടി പ്രത്യേക ബോധവത്‌കരണ വീഡിയോയും അധികൃതർ പുറത്തുവിട്ടു.