ദുബായ്: ഗൾഫിൽ കോവിഡ് കേസുകൾ വീണ്ടും കൂടുന്നതായി റിപ്പോർട്ട്. ഒമാനിലും സൗദിയിലുമാണ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയത്. ഒമാനിൽ 72 മണിക്കൂറിനിടെ 3139 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകൾ 1,63,157 ആയി. ഒൻപതുപേർകൂടി മരിച്ചതോടെ മരണസംഖ്യ 1690 ആയി. മൂന്ന് ദിവസത്തിനിടെ 2038 പേർ രോഗമുക്തിനേടി. ഇതിനകം കോവിഡ് ഭേദമായവരുടെ എണ്ണം 1,46,677 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 97 കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 590 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 186 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

യു.എ.ഇ.യിൽ 2113 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേർകൂടി മരിച്ചു. ചികിത്സയിലായിരുന്ന 2279 പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി നടത്തിയ 2,60,445 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ രാജ്യത്ത് 4,70,136 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 4,54,600 പേരാണ് ഇതുവരെ രോഗമുക്തരായത്. ആകെ മരണം 1510 ആണ്. നിലവിൽ 14026 പേർ രാജ്യത്ത് ചികിത്സയിലുണ്ട്.

ബഹ്‌റൈനിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. 1316 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 728 പേർകൂടി രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചു. ആകെ മരണം ഇതോടെ 531 ആയി. പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 321 പേർ പ്രവാസി തൊഴിലാളികളാണ്.

ബഹ്‌റൈനിൽ ഇതുവരെ 1,47,770 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 1,37,555 പേരാണ് രോഗമുക്തരായത്. നിലവിൽ 9684 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 157 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ 68 പേരുടെ നില ഗുരുതരമാണ്.