വെല്ലിങ്ടൺ: ചൈനയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഏറി വരുന്നതായി ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ. ലോക കാര്യങ്ങളിൽ ബെയ്ജിങ്ങിന്റെ ഇടപെടൽ വർധിക്കുന്നതിനൊപ്പം അവരുമായി വിവിധവിഷയങ്ങളിലുള്ള ഭിന്നതകളും ഏറുകയാണെന്ന് ഓക്‌ലൻഡിൽ ചൈന ബിസിനസ് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ജെസിൻഡ വ്യക്തമാക്കി. ന്യൂസീലൻഡിന് ഒരിക്കലും യോജിച്ചുപോകാനാവാത്ത കാര്യങ്ങൾ ഒട്ടേറെയുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അതു ബാധിക്കില്ലെന്നും അവർ പറഞ്ഞു. ന്യൂസീലൻഡിന്റെ ഏറ്റവും വലിയ വ്യാവസായിക പങ്കാളിയാണ് ചൈന.

ഇൻഡോ പസിഫിക് മേഖലയിലുള്ള രാജ്യങ്ങൾ മാത്രമല്ല, യൂറോപ്പിലും മറ്റ് മേഖലകളിലുമുള്ള രാജ്യങ്ങളും ഇതേ വെല്ലുവിളിയാണ് നേരിടുന്നതെന്നും ജെസിൻഡ കൂട്ടിച്ചേർത്തു. പാശ്ചാത്യ രാജ്യങ്ങളുടെ രഹസ്യവിവര കൂട്ടായ്മയായ ഫൈവ് ഐസ് ഇന്റലിജൻസ് സംവിധാനത്തിൽ ബെയ്ജിങ്ങിനെ വിമർശിക്കാത്തതിന് കൂട്ടായ്മയുടെ മറ്റ് അംഗങ്ങളായ ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, യു.എസ്. രാജ്യങ്ങൾ ന്യൂസീലൻഡിനെതിരേ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ജെസിൻഡയുടെ പരാമർശം. ഹോങ് കോങ്, ഉയിഗുർ മുസ്‌ലിം വിഷയങ്ങളിൽ ബെയ്ജിങ്ങിനെ മറ്റ് രാജ്യങ്ങൾ നിശിതമായി വിമർശിച്ചപ്പോൾ ന്യൂസീലൻഡ് മൗനം പാലിച്ചതാണ് പരാമർശത്തിന് ഇടയാക്കിയത്. എന്നാൽ, ചൈനയുമായുള്ള ബന്ധം എക്കാലത്തും ഒരുപോലെ ആകില്ല എന്ന സൂചനയാണ് ജസിൻഡ നൽകിയത്.