ന്യൂയോർക്ക്: യാഹൂ, ഇ-മെയിൽ സേവനദാതാക്കളായ ഇ.ഒ.എൽ. ഉൾപ്പെടെയുള്ള തങ്ങളുടെ മാധ്യമ ആസ്ഥികൾ 36,921 കോടി രൂപയ്ക്ക് (500 കോടി യു.എസ്. ഡോളർ) യു.എസ്. സ്വകാര്യ ഓഹരി കമ്പനിയായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന് വിറ്റതായി വെരിസോൺ കമ്യൂണിക്കേഷൻസ് വ്യക്തമാക്കി. 5 ജി സാങ്കേതികവിദ്യയിലുൾപ്പെടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. ഈ വർഷം ജൂലായിയോടെയാണ് കരാർ പൂർത്തിയാകുക.

മാധ്യമരംഗത്ത് ഏറെ തിരിച്ചടി നേരിട്ട വെരിസോൺ 2018-ൽ 33,970 കോടി രൂപ (460 കോടി യു.എസ്. ഡോളർ) എഴുതിത്തള്ളിയിരുന്നു. ഓൺലൈൻ പരസ്യവിപണിയെ ഫെയ്‌സ്ബുക്കും ഗൂഗിളും കൈയടക്കിയതാണ് വെരിസോണിനെ തളർത്തിയത്. 2017-ലാണ് വെരിസോൺ യാഹൂവിനെ ഏറ്റെടുത്തത്.