വാഷിങ്ടൺ: ഭീകരാക്രമണങ്ങളിൽനിന്ന്‌ അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. അൽഖായിദ നേതാവ് ഉസാമ ബിൻലാദനെ പാകിസ്താനിൽവെച്ച് അമേരിക്കൻസൈന്യം വധിച്ചതിന്റെ 10-ാം വാർഷികദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാദന്റെ മരണവിവരം സൈന്യം അറിയിച്ചനിമിഷം ഒരിക്കലും മറക്കാനാകാത്തതാണെന്ന് അന്ന്‌ ഒബാമയ്ക്കുകീഴിൽ വൈസ്‌പ്രസിഡന്റായിരുന്ന ബൈഡൻ ഓർമിച്ചു. 2001-ലെ ഭീകരാക്രമണങ്ങൾക്കുപിന്നാലെ മുഖ്യസൂത്രധാരനായ ബിൻലാദനെ തേടി അഫ്ഗാനിസ്താനിലെത്തിയ യു.എസ്., ഏറ്റവുംദൈർഘ്യമേറിയ യുദ്ധം അവസാനിപ്പിച്ച് മുഴുവൻ സൈനികരെയും പിൻവലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ലോകമെമ്പാടുമുള്ള ഭീകരസംഘടനകളിൽനിന്നുള്ള ഭീഷണികളെക്കുറിച്ച് ജാഗ്രത തുടരും. അഫ്ഗാനിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.

2001 ഒക്ടോബർ ഏഴിനാണ് അൽഖായിദ നേതാക്കളെ തേടി യു.എസ്. നാറ്റോ സൈന്യം അഫ്ഗാനിലെത്തിയത്. രണ്ടുമാസങ്ങൾക്കുശേഷം ലാദൻ അഫ്ഗാൻ വിടുകയായിരുന്നു. പാകിസ്താനിലേക്കുകടന്ന ലാദനെ 2011 മേയ് ഒന്നിനാണ് അബോട്ടാബാദിലെ ഒളിസങ്കേതത്തിൽവെച്ച് യു.എസ്. പ്രത്യേക ദൗത്യസേന വധിച്ചത്.