ധാക്ക: ബംഗ്ലാദേശിലെ പത്മ നദിയിൽ ബോട്ട് അപകടത്തിൽപ്പെട്ട് 26 പേർ മരിച്ചു. മദരിപുർ ജില്ലയിലെ ഓൾഡ് കാന്തൽബാരിയിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് യാത്രക്കാർ തിങ്ങിനിറഞ്ഞ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മുൻഷിഗഢിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

രക്ഷാപ്രവർത്തകർ 26 പേരുടെ മൃതദേഹം കണ്ടെടുത്തു. അഞ്ചുപേരെ രക്ഷപ്പെടുത്തി. കൂടുതൽപേർ അപകടത്തിൽപ്പെട്ടതായുള്ള നിഗമനത്തിൽ തിരച്ചിൽ തുടരുകയാണ്.

പ്രായപൂർത്തിയാകാത്തയാളാണ് ബോട്ട് ഡ്രൈവറെന്നും യാത്രക്കാരുടെ എണ്ണം കൂടിയതും വെളിച്ചക്കുറവും അപകടത്തിന് കാരണമായതായും പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് ബോട്ടിൽ കൂടുതൽ ആളുകളെ കയറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി. രോഗവ്യാപനം രൂക്ഷമായ ബംഗ്ലാദേശിൽ ബുധനാഴ്ചമുതൽ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നൂറുകണക്കിനുപേരാണ് ബംഗ്ലാദേശിൽ പ്രതിവർഷം ജലഗതാഗത അപകടങ്ങളിൽ മരിക്കുന്നത്.