ബെർലിൻ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വൻകിട ശൃംഖല അടപ്പിച്ചതായി ജർമനി. ‘ബോയ്സ്ടൗൺ’ എന്നറിയപ്പെടുന്ന നാലുലക്ഷത്തിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവുംവലിയ ശൃംഖലകളിലൊന്നിന്റെ പ്രവർത്തനമാണ് യൂറോപ്യൻ യൂണിയൻ ഏജൻസിയായ യൂറോപോളിന്റെ സഹായത്തോടെ അവസാനിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഏപ്രിൽ പകുതിയോടെ നടത്തിയ വ്യാപക തിരച്ചിലുകളിൽ നാലംഗങ്ങളെ അറസ്റ്റുചെയ്തതായും പോലീസ് വ്യക്തമാക്കി.

2019 മുതൽ ശൃംഖലയിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ലോകമെമ്പാടും കൈമാറ്റം ചെയ്തുവരുകയായിരുന്നു. അംഗങ്ങൾക്കു തമ്മിൽ ആശയവിനിമയം നടത്താനും കുട്ടികൾക്കെതിരായ ഗുരുതരമായ ലൈംഗികചൂഷണം ഉൾപ്പെടുന്ന ഗ്രാഫിക് ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനും ‘ബോയ്സ്ടൗൺ’ അവസരമൊരുക്കിയിരുന്നതായും അധികൃതർ വ്യക്തമാക്കി.

40-നും 64-നും ഇടയിൽ പ്രായമുള്ള മൂന്നുപേരാണ് ജർമനിയിൽ നടത്തിയ റെയ്ഡിൽ അറസ്റ്റിലായത്. അധികൃതരുടെ ആവശ്യപ്രകാരം മറ്റൊരു പ്രതിയെ പാരഗ്വായിൽ തടവിലാക്കി. ജർമൻപൗരനായ ഇയാളെ ഫ്രാങ്ക്ഫുർട്ട് കോടതി പുറപ്പെടുവിച്ച അന്താരാഷ്ട്ര അറസ്റ്റ്‌ വാറന്റ്‌ പ്രകാരം ഉടൻ കൈമാറും.

മാസങ്ങൾ നീണ്ടുനിന്ന ദൗത്യം നെതർലൻഡ്‌സ്, സ്വീഡൻ, യു.എസ്., കാനഡ രാജ്യങ്ങളുടെ പിന്തുണയോടെ യൂറോപോളാണ് ഏകോപിപ്പിച്ചത്.