റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ സൗദിഅറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മേയ് 17-ന് പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുലർച്ചെ ഒരുമണിയോടെ കര, ജല, വ്യോമ ഗതാഗതം സാധാരണനിലയിലാകുമെന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ സൗദിയിലെ സ്വദേശികൾക്ക് മാനദണ്ഡങ്ങളോടെ പുറത്തേക്ക് യാത്രാനുമതിയാകും.

കോവിഡ് പ്രതിരോധ വാക്സിൻ രണ്ടുഡോസും പൂർത്തിയാക്കിയവർക്കായിരിക്കും യാത്രാനുമതി. ഒരുഡോസെടുത്ത് 14 ദിവസങ്ങൾ പൂർത്തിയാക്കിയവർക്കും അനുമതിയുണ്ടാകും. കോവിഡ് ബാധിച്ചിരുന്നവരാണെങ്കിൽ രോഗം ഭേദമായി ആറുമാസമെങ്കിലും കഴിഞ്ഞിരിക്കണം. ഈ വിവരങ്ങളെല്ലാം തവക്കൽന എന്ന ആപ്പിൽ രേഖപ്പെടുത്തണം. 18 വയസ്സിനുതാഴെയുള്ളവർ യാത്ര ചെയ്യണമെങ്കിൽ കോവിഡിനെതിരേയുള്ള ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം.

കോവിഡ് ഇൻഷുറൻസ് നിർബന്ധം

സൗദിയിൽ ഉംറ തീർഥാടനത്തിനും സന്ദർശക വിസയിലുമെത്തുന്നവർ ട്രാവൽ ഇൻഷുറൻസിൽ കോവിഡ് കവറേജ്കൂടി ഉൾപ്പെടുത്തണമെന്ന് അധികൃതർ വ്യക്തമാക്കി. സൗദി സെൻട്രൽബാങ്കും കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസുമാണ് ഈ നിബന്ധന മുന്നോട്ടുവച്ചത്.

നിലവിലുള്ള ഇൻഷുറൻസ് പോളിസി അപേക്ഷയിൽ കോവിഡ്ബാധമൂലമുണ്ടാവുന്ന അപകടങ്ങൾകൂടി ഉൾപ്പെടുത്തിക്കൊണ്ട് മാറ്റംവരുത്തണമെന്ന് എല്ലാ വിദേശയാത്രക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. സൗദിയിൽ കോവിഡ് പിടിപെട്ടാൽ ആവശ്യമായ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നടപടി.