വാഷിങ്ടൺ: വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റിന്റെ ഡയറക്ടർ സ്ഥാനത്തേക്കുള്ള ഇന്ത്യൻ വംശജ നീര ടണ്ഡന്റെ നാമനിർദേശം പിൻവലിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് ശക്തമായ എതിർപ്പ് ഉണ്ടായതോടെ സെനറ്റിൽ ആവശ്യമായ പിന്തുണ ലഭിക്കില്ലെന്നു വന്നതോടെയാണ് ഇത്. നാമനിർദേശപത്രിക പിൻവലിക്കണമെന്ന് അഭ്യർഥിച്ചുള്ള കത്ത് ബൈഡന് ടണ്ഡൻ കൈമാറി.

അഭ്യർഥന അംഗീകരിച്ചതായും ടണ്ഡന്റെ നിർദേശങ്ങളോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും ബൈഡൻ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ ആ സ്ഥാനത്തെത്തുന്ന ആദ്യ വെളുത്ത വർഗക്കാരിയല്ലാത്ത വ്യക്തിയാകുമായിരുന്നു ടണ്ഡൻ.

ജനപ്രതിനിധികൾക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ മുമ്പ്‌ നടത്തിയ പോസ്റ്റുകളാണ് ടണ്ഡന് വിനയായത്. അത്തരത്തിലുള്ള ആയിരത്തോളം ട്വീറ്റുകൾ അവർ അടുത്തിടെ പിൻവലിച്ചിരുന്നു. 2014-ൽ അമേരിക്കയിലെ ഏറ്റവും ശക്തരായ 50 സ്ത്രീകളുടെ പട്ടികയിൽ ടണ്ഡൻ ഇടംപിടിച്ചിരുന്നു. 50-കാരിയായ ടണ്ഡൻ നിലവിൽ തിങ്ക് താങ്ക് സി.ഇ.ഒ.യാണ്.