കുവൈത്ത് സിറ്റി : വിദേശരാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്കു വരുന്ന യാത്രക്കാരിൽ അഞ്ചുവിഭാഗങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റീനിൽനിന്ന് ഒഴിവാക്കി. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) സർക്കുലർ പുറത്തിറക്കി.

മറ്റു രാജ്യങ്ങളിൽനിന്നെത്തുന്ന നയതന്ത്രപ്രതിനിധികൾക്കും കുടുംബത്തിനും വീട്ടുജോലിക്കാർക്കും ഹോട്ടൽ ക്വാറന്റീൻ വേണ്ട. വിദേശത്ത് വൈദ്യചികിത്സയ്ക്കായി പോയ സ്വദേശികൾക്ക് മടങ്ങിയെത്തുമ്പോൾ ഇളവുണ്ട്. ഇതിനായി കുവൈത്ത് ആരോഗ്യ ഓഫീസിൽനിന്ന് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. പരീക്ഷ പൂർത്തിയാക്കി മടങ്ങിയെത്തുന്ന വിദേശ സർവകലാശാലകളിൽ പഠിക്കുന്ന എല്ലാ സ്വദേശി വിദ്യാർഥികൾക്കും ഇളവ് ലഭിക്കും. തനിച്ച് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്തവരെയും ഹോട്ടൽ ക്വാറന്റീനിൽനിന്ന് ഒഴിവാക്കി. എന്നാൽ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ ഹോം ക്വാറന്റീനിൽ കഴിയണം. എത്തിച്ചേരുന്ന ദിവസവും ആറാം ദിവസവും പി.സി.ആർ. ടെസ്റ്റും നടത്തണം.