മോസ്‌കോ: അലെക്‌സി നവൽനി വിഷയത്തിൽ റഷ്യ-യു.എസ്. ബന്ധം വീണ്ടും വഷളാകുന്നു. റഷ്യൻ ഉദ്യോഗസ്ഥർക്കും വ്യവസായസ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനുള്ള യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ കഴിഞ്ഞദിവസത്തെ തീരുമാനം റഷ്യയെ ചൊടിപ്പിച്ചു. തീകൊണ്ടു കളിക്കരുതെന്നാണ് സഹപ്രവർത്തകരോട് പറയാനുള്ളതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സാഖരോവ യു.എസിന് മുന്നറിയിപ്പുനൽകി. എന്തുവിലകൊടുത്തും ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുമെന്നും റഷ്യ വ്യക്തമാക്കി.

ജൈവ-രാസ വസ്തുക്കൾ നിർമിക്കുന്ന 14 വ്യവസായ സ്ഥാപനങ്ങൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരേ ചൊവ്വാഴ്ചയാണ് യൂറോപ്യൻ യൂണിയനുമായി കൂടിക്കാഴ്ച നടത്തിയശേഷം യു.എസ്. ഉപരോധം പ്രഖ്യാപിച്ചത്. പ്രതിപക്ഷസ്വരങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ നയങ്ങൾക്കെതിരേ കൂടുതൽ ശക്തമായ നടപടികൾ ബൈഡൻ ഭരണകൂടം സ്വീകരിക്കുമെന്നാണ് പറയുന്നത്.

റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ കടുത്ത വിമർശകനുമായ അലെക്സി നവൽനിക്ക് കഴിഞ്ഞ ഓഗസ്റ്റ് 20-ന് സൈബീരിയയിൽനിന്ന് മോസ്‌കോയിലേക്ക് വരുന്നതിനിടെയാണ് വിഷബാധയേറ്റത്. ഗുരുതരനിലയിലായ നവൽനിയെ ജർമനിയിലെത്തിച്ച് വിദഗ്ധ ചികിത്സനൽകിയാണ് രക്ഷപ്പെടുത്തിയത്. ചികിത്സകഴിഞ്ഞ് റഷ്യയിൽ തിരിച്ചെത്തിയ ജനുവരി 17-നുതന്നെ റഷ്യൻ അധികൃതർ അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു. ഇതിനെതിരേ രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ, കോടതി രണ്ടരവർഷം തടവുശിക്ഷ വിധിച്ച അദ്ദേഹം ഇപ്പോൾ ജയിലിലാണ്.