ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിലെ സൈനികത്താവളത്തിനു നേരെ റോക്കറ്റാക്രമണം. യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനകൂടി ഉപയോഗിക്കുന്ന അംബർ പ്രവിശ്യയിലെ എയിൻ അൽ അസദ് വ്യോമതാവളമാണ് ബുധനാഴ്ച രാവിലെ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പത്തിലധികം റോക്കറ്റുകളെങ്കിലും ഉപയോഗിച്ചതായി കരുതുന്നുവെന്ന് സൈനികവക്താവ് കേണൽ വെയ്ൻ മരോട്ടോ പറഞ്ഞു.

വ്യോമതാവളത്തിന് കാര്യമായ നാശനഷ്ടമോ സൈനികർക്ക് ജീവഹാനിയോ ഉണ്ടായിട്ടില്ലെന്നും റോക്കറ്റ് വിക്ഷേപിച്ച ഇടം സുരക്ഷാസേന കണ്ടെത്തിയതായും സൈന്യം അറിയിച്ചു.

കഴിഞ്ഞയാഴ്ച ഇറാഖ്-സിറിയ അതിർത്തിയിൽ യു.എസ്. നടത്തിയ സൈനിക ആക്രമണത്തിനു ശേഷമുള്ള ആദ്യ സംഭവമാണ്. അക്രമത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിന് രണ്ടുദിവസംമാത്രം ബാക്കിനിൽക്കേയാണ് റോക്കറ്റാക്രമണം.