വാഷിങ്ടൺ: യു.എസിന് ആവശ്യമായത്രയും കോവിഡ് വാക്സിൻ മേയ് അവസാനത്തോടെ ലഭ്യമാകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. പ്രതീക്ഷിച്ചതിനെക്കാൾ രണ്ടുമാസം നേരത്തേയാണിത്. എന്നാൽ, വാക്സിൻ നൽകുന്ന കാര്യത്തിൽ താമസം നേരിടുന്നതിനാൽ പ്രക്രിയ നീണ്ടുപോയേക്കാം. വാക്സിൻ നൽകാൻ വൈദഗ്ധ്യമുള്ള ആരോഗ്യപ്രവർത്തകരുടെ കുറവു രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരുന്നു നിർമാതാക്കളായ മെർക്ക് സ്വന്തം വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ നിർത്തിവെച്ച് അടുത്തിടെ അംഗീകരിച്ച ജോൺസൺ ആൻഡ് ജോൺസന്റെ വാക്സിൻ നിർമിക്കാൻ സഹായിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

മാർച്ച് അവസാനത്തോടെ എല്ലാ അധ്യാപകർക്കും വാക്സിന്റെ ഒരു ഡോസെങ്കിലും നൽകുമെന്നും സ്കൂളുകൾ വേഗത്തിൽ തുറക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. എന്നാൽ സാധാരണജീവിതം എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.