നയ്പിഡോ: മ്യാൻമാറിൽ സൈനിക അട്ടിമറിക്കതിരേ പ്രതിഷേധിച്ചവർക്കുനേരെ ബുധനാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ നയ്പിഡോ, മാണ്ഡല, യാങ്കൂൺ എന്നിവിടങ്ങളിലാണ് മരണം.

നയ്പിഡോയിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് മാധ്യമറിപ്പോർട്ടുകൾ. സമാധാനമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേരെയാണ് സുരക്ഷാസേന വെടിവെച്ചത്. കൊല്ലപ്പെട്ടവരിൽ കൗമാരക്കാരനും ഉൾപ്പെടുന്നു. പ്രതിഷേധക്കാർക്കുനേരെ നടക്കുന്ന പോലീസ് അതിക്രമത്തെക്കുറിച്ച് സൈനികഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൈനികഭരണകൂടം തടവിലാക്കിയ നൊബേൽ പുരസ്‌കാര ജേതാവ് ആങ് സാൻ സ്യൂചിയെ മോചിപ്പിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്യത്ത് വലിയ പ്രതിഷേധം അരങ്ങേറുന്നത്. പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് ആസിയാൻ രാജ്യങ്ങളിലെ വിദേശമന്ത്രിമാർകൂടി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പോലീസ് കർശന നടപടി തുടങ്ങിയത്.

ഫെബ്രുവരി ഒന്നിന് സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷമുണ്ടായ പ്രതിഷേധങ്ങളിൽ 30 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സ്യൂചിയടക്കം 1300-ലേറെപ്പേർ തടവിലാണ്. യാങ്കൂണിൽ പ്രതിഷേധം സംഘടിപ്പിച്ച മുന്നൂറോളം പേരും ഇതിൽപെടുന്നു. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.