ലഹോർ: പാകിസ്താനിൽ ദൈവനിന്ദയാരോപിച്ച് ശ്രീലങ്കൻ വസ്ത്രഫാക്ടറി ജനറൽ മാനേജരെ തീവ്ര മതവാദികൾ തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചു. പഞ്ചാബ് പ്രവിശ്യയിൽ വെള്ളിയാഴ്ചയാണ് സംഭവം. സിയാൽകോട്ട് ജില്ലയിൽ ഫാക്ടറിൽ ജോലിചെയ്തുവരികയായിരുന്ന പ്രിയന്ത കുമാരയാണ് കൊല്ലപ്പെട്ടത്. കുമാരയുടെ ഫാക്ടറി കെട്ടിടത്തിൽ തെഹ്‌രീകെ ലബ്ബായിക് പാകിസ്താൻ (ടി.എൽ.പി.) പാർട്ടിയുടെ പോസ്റ്റർ പതിച്ചിരുന്നു. പോസ്റ്റർ കുമാര പറിച്ചെടുത്ത് ചവറ്റുകുട്ടയിലിട്ടെന്ന വാർത്ത പരന്നതോടെ രോഷാകുലരായ നൂറുകണക്കിനാളുകൾ ഫാക്ടറിയിലേക്ക് ഇരച്ചെത്തി. ഇതിലേറെയും ടി.എൽ.പി. പ്രവർത്തകരായിരുന്നു. പിന്നാലെ ഫാക്ടറിയിൽനിന്ന് കുമാരയെ വലിച്ചിറക്കിയ സംഘം അദ്ദേഹത്തെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. പോലീസെത്തുന്നതിനു മുമ്പ് മൃതദേഹം കത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീവ്ര മതചായ്‌വുള്ള ടി.എൽ.പി.ക്കുള്ള നിരോധനം അടുത്തിടെയാണ് ഇമ്രാൻ ഖാൻ സർക്കാർ നീക്കിയത്.