ലോസ് ആഞ്ജലിസ്: സിനിമ ചിത്രീകരണത്തിനിടെ ഛായാഗ്രാഹക ഹലൈന ഹച്ചിൻസ് തന്റെ തോക്കിൽനിന്നുള്ള വെടിയേറ്റു മരിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്ന് ഹോളിവുഡ് നടൻ അലെക് ബാൾഡ്‌വിൻ. ഒക്ടോബർ 21-ന് ‘റസ്റ്റ്’ സിനിമയുടെ സെറ്റിലായിരുന്നു അപകടം. സംഭവത്തിൽ മറ്റാരോ ആണ് ഉത്തരവാദിയെന്ന് ബാൾഡ്‌വിൻ പറഞ്ഞു. ആരാണെന്നു പറയാനാവില്ല. പക്ഷേ, അതു താനല്ലെന്നുറപ്പാണ്. യഥാർഥ വെടിയുണ്ടകൾ സെറ്റിലെത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘വെടിയുണ്ടയില്ലെന്ന് പറഞ്ഞാണ് എനിക്ക് തോക്കുതന്നത്. എനിക്കു മറയ്ക്കാനൊന്നുമില്ല. രംഗം ചിത്രീകരിക്കുന്നതിന്റെ തയ്യാറെടുപ്പുകൾക്കിടെ തൻറെ ദിശയിലേക്ക് തോക്കുചൂണ്ടാൻ ഹച്ചിൻസ് പറഞ്ഞു. ഞാൻ അതു ചെയ്തു. അതിനിടെയിൽ തോക്ക് പൊട്ടുകയായിരുന്നു. ഹച്ചിൻസിനു ഹൃദയാഘാതമോ ബോധക്ഷയമോ സംഭവിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്’- അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ബാൾഡ്‌വിനും സിനിമാ സംഘത്തിലെ മറ്റുള്ളവർക്കുമെതിരേ കേസുണ്ട്.