കെയ്റോ: കൊല്ലപ്പെട്ട ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകന് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് കോടതി വിധിച്ചു. സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫിയെ അയോഗ്യനാക്കാനുള്ള രാജ്യത്തെ ഉന്നത തിരഞ്ഞെടുപ്പുസമിതിയുടെ തീരുമാനം കോടതി റദ്ദാക്കി.

പ്രതിഷേധക്കാർക്കെതിരേ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട മുൻകാല ശിക്ഷാവിധികൾ ചൂണ്ടിക്കാട്ടി ലിബിയയുടെ ഉന്നത ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി കഴിഞ്ഞയാഴ്ച അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യനാക്കിയിരുന്നു. ഇതിനെതിരേ സെയ്ഫ് കോടതിയെ സമീപിച്ചെങ്കിലും കേസ് പരിഗണിക്കാനായി ജഡ്ജിമാർ കോടതിയിൽ പ്രവേശിക്കുന്നത് തുടർച്ചയായി സർക്കാർ പിന്തുണയോടെ അക്രമിസംഘം തടഞ്ഞു. വ്യാഴാഴ്ച സുരക്ഷാവെല്ലുവിളികളെ അവഗണിച്ചാണ് ജഡ്ജിമാർ കോടതിയിലെത്തി വിധി പുറപ്പെടുവിച്ചത്. വിധിയെ സെയ്ഫ് സ്വാഗതംചെയ്തു. 2011-ലാണ് ഗദ്ദാഫി കൊല്ലപ്പെട്ടത്. ഈ മാസം 24-നാണ് ലിബിയയിൽ ആദ്യഘട്ട വോട്ടെടുപ്പ്.