മഡ്രിഡ്: ആധുനികമനുഷ്യന്റെ ഏറ്റവും അടുത്ത പൂർവികരായ നിയാണ്ടർത്താലുകൾക്ക് ചിത്രംവരയിൽ കമ്പമുണ്ടായിരുന്നോ? ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. തെക്കൻ സ്പെയിനിലെ ക്യൂവ ഡി ആർഡേൽസ് ഗുഹകളിലുള്ള ചുണ്ണാമ്പുപാറയിൽ ചുവന്നനിറത്തിൽ കോറിയിട്ട പാടുകളാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിച്ചത്. ഗുഹാചുവരുകളിലെ ചുവന്ന കറ സ്വാഭാവികമായി സംഭവിച്ചതാണെന്നാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ വാദിക്കുന്നത്. എന്നാൽ, ‘പി.എൻ.എ.എസ്. ജേണലി’ൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ ഐബീരിയൻ ഉപഭൂഖണ്ഡത്തിലെ മൂന്നു ഗുഹകളിൽ കണ്ടെത്തിയ ഈ ചുവന്ന ചായക്കൂട്ട് നിയാണ്ടർത്താലുകളുടെ കലാവിരുതാണെന്ന് അവകാശപ്പെടുന്നു. സ്വാഭാവികമായി സംഭവിക്കുന്നതിനെക്കാൾ അസാധാരണമായ നിറവും രൂപവുമാണ് ചിത്രത്തിനുള്ളതെന്നാണ് ഇവരുടെ പ്രധാനവാദം. 65,000 കൊല്ലങ്ങൾക്കുമുമ്പ് വരച്ചതാണിതെന്നും പറയുന്നു. 30,000മുതൽ 1.3 ലക്ഷം കൊല്ലങ്ങൾക്കുമുമ്പ് ഭൂമുഖത്തുണ്ടായിരുന്നവരാണ് നിയാണ്ടർത്താലുകൾ.