ബെയ്ജിങ്: കൊറോണവൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ ചൈന വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തി. അനാവശ്യയാത്രകൾ ഒഴിവാക്കി ജനങ്ങളോട് വീണ്ടും വീടുകളിൽ തുടരാൻ ചൈനീസ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. വൈറസ് ബാധ വീണ്ടും വർധിക്കുന്നതോടെ രണ്ടാംഘട്ട വ്യാപനം തുടങ്ങിയെന്ന സംശയത്താലാണിത്. വുഹാനിലെ ഒമ്പതാഴ്ചത്തെ അടച്ചുപൂട്ടൽ നിയന്ത്രണങ്ങളിൽ കഴിഞ്ഞയാഴ്ചയാണ് അധികൃതർ ഇളവുവരുത്തിയത്.
രാജ്യത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ആയിരത്തിലധികംപേരിൽ വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യകമ്മിഷൻ വെളിപ്പെടുത്തിയിരുന്നു. ഇതിൽ 742 പേർ വുഹാനിലാണ്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളിൽനിന്ന് വളരെവേഗം വൈറസ് വ്യാപിക്കും. ഇതോടെ ഒരുകോടിയിലധികമുള്ള വുഹാൻ നഗരവാസികളെയെല്ലാം വീണ്ടും വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാനും ആലോചിക്കുന്നുണ്ട്.
അത്യാവശ്യത്തിനാണെങ്കിലും ശരീരതാപനില പരിശോധിച്ചശേഷമേ പുറത്തിറങ്ങാവൂ എന്നും മുഖാവരണം ധരിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. വുഹാനിൽ അപകടനില കുറഞ്ഞതായി ചൈന കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മൂന്നുമാസത്തെ ലോക്ഡൗണിനുശേഷം നഗരത്തിൽ വീണ്ടും ബസ് സർവീസും തുടങ്ങി. വൈറസ് മഹാമാരിയെത്തുടർന്ന് ജനുവരി 23-ന് അടച്ച വുഹാനിൽ ഏപ്രിൽ എട്ടിന് യാത്രാനിയന്ത്രണങ്ങൾ പൂർണമായും നീക്കാനിരിക്കുകയാണ്.