കാബൂൾ: അഫ്ഗാനിസ്താനിലെ വടക്കൻ കാബൂളിൽ ഇന്ധനടാങ്കർ തീപിടിച്ച് ഏഴുപേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. നഗരാതിർത്തിയിൽ നിർത്തിയിട്ട ഒരു ഇന്ധനടാങ്കർ കത്തിയമരുകയും മറ്റുടാങ്കറുകളിലേക്ക് തീ പടരുകയുമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് താരിഖ് അരിയൻ പറഞ്ഞു. ടാങ്കറുകളും ട്രക്കുകളും അടക്കം നൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു. റംസാൻ മാസത്തെ നോമ്പാചരണങ്ങൾ കഴിഞ്ഞയുടനെയാണ് അപകടമുണ്ടായത്. ഒട്ടേറെവീടുകളിലേക്ക് തീപടർന്നു. സമീപത്തെ ഗ്യാസ് സ്റ്റേഷനും കത്തിനശിച്ചതായി അധികൃതർ അറിയിച്ചു.

കാബൂളിൽ വൈദ്യുതബന്ധം പൂർണമായും തടസ്സപ്പെട്ടു. ഇന്ധനടാങ്കറുകൾക്കും വലിയ ട്രക്കുകൾക്കും രാത്രി ഒമ്പതിനുശേഷം മാത്രമാണ് നഗരത്തിലേക്കു പ്രവേശനമുള്ളത്. ഇതിനായി നഗരാതിർത്തിയിൽ കാത്തുകിടക്കുന്നതിനിടെയാണ് അപകടം. അഗ്നിരക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തിച്ചേർന്നെങ്കിലും അപകടത്തിന്റെ വ്യാപ്തി വർധിച്ചത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഗുരുതരമായി പൊള്ളലേറ്റവർ ഉൾപ്പെടെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അഫ്ഗാനിസ്താനിൽനിന്ന്‌ നാറ്റോ-യു.എസ്. സൈന്യം പൂർണമായും പിന്മാറുന്നതിന്റെ ഭാഗമായുള്ള നടപടി ആരംഭിച്ച ദിവസമാണ് അപകടമുണ്ടായത്.