ജറുസലേം: ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിൽനിന്നും ഇസ്രയേൽ തങ്ങളുടെ പൗരന്മാരെ താത്കാലികമായി വിലക്കി. മേയ് 16 വരെയാണ് വിലക്ക്. ഇന്ത്യക്കുപുറമേ യുക്രൈൻ, ബ്രസീൽ, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുർക്കി രാജ്യങ്ങൾക്കും വിലക്ക് ബാധകമാകും. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. രാജ്യങ്ങളിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യമന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഈ രാജ്യങ്ങളിൽനിന്നും ഇസ്രയേലിലെത്തുന്നവർ രണ്ടാഴ്ചത്തെ നിർബന്ധിത ക്വാറന്റീനിൽ കഴിയണം. കോവിഡ് രോഗമുക്തി നേടിയവർക്കും വാക്സിൻ എടുത്തവർക്കും ഇത് ബാധകമാണ്.

ഇസ്രയേൽ പൗരന്മാരല്ലാത്തവർ ഈ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ യാത്രയ്ക്ക് വിലക്കില്ല. 8.38 ലക്ഷം പേർക്കാണ് ഇസ്രയേലിൽ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 6356 പേർ രോഗം ബാധിച്ച് മരിച്ചു.