ജിസാൻ: സൗദി അറേബ്യയിൽ ഹൂതികൾ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ അയച്ച സൈനിക മിസൈൽ സൗദിയുടെ തെക്കൻ ജസാൻ മേഖലയിലാണ് വീണത്. ജിസാനിലെ തെരുവിലാണ് മിസൈൽ വീണതെന്നും മൂന്ന് സൗദി പൗരന്മാർക്കും രണ്ട് യെമെനികൾക്കുമാണ് പരിക്കേറ്റതെന്നും സിവിൽ ഡിഫെൻസ് ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദ് അൽ ഗാംദി പ്രസ്താവനയിൽ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് വീടുകൾക്കും ഒരു പലചരക്ക് കട, മൂന്ന് കാറുകൾ എന്നിവയ്ക്കും കേടുപാടുണ്ടയി. സൗദിയിലെ സാധാരണക്കാർ അധിവസിക്കുന്ന പ്രദേശങ്ങളിലേക്ക് യെമെനിലെ ഹൂതി വിമതർ വ്യോമാക്രമണം വർധിപ്പിച്ചതായി അടുത്തിടെ അറബ് സഖ്യസേന റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടുദിവസം മുമ്പ് റിയാദിനുനേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുകയും സഖ്യസേന നശിപ്പിക്കുകയും ചെയ്തതിനുശേഷമാണ് വീണ്ടും ആക്രമണം.