വാഷിങ്ടൺ: മലയാളിയായ മജു വർഗീസിനെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ് സൈനിക ഓഫീസ് ഡയറക്ടറായും നിയമിച്ചു. അഭിഭാഷകനായ മജു ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും സത്യപ്രതിജ്ഞാ സമിതിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവില്ലയിൽനിന്നും യു.എസിലേക്ക് കൂടിയേറിയവരാണ് മജുവിന്റെ മാതാപിതാക്കൾ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബൈഡൻ-കമലാ പക്ഷത്തിന്റെ മുഖ്യ ഉപദേശകരിൽ ഒരാളായിരുന്നു. ബരാക്ക് ഒബാമ സർക്കാരിൽ പ്രസിഡന്റിന്റെ മാനേജ്‌മെന്റ്, ഭരണനിർവഹണ ചുമതലയുള്ള അസിസ്റ്റന്റ്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഡ്വാൻസ്, ദ ഹബ്ബ് പ്രോജക്ടിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്നീ പദവികൾ വഹിച്ചിരുന്നു. മാസച്യുസെറ്റ്‌സ് സർവകലാശാലയിൽനിന്നും രാഷ്ട്രതന്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി.

പ്രസിഡന്റിന്റെ യാത്രകൾ, അടിയന്തര വൈദ്യസഹായം, ലോകമെമ്പാടുമുള്ള ദൗത്യയാത്രകൾ തുടങ്ങിയ കാര്യങ്ങളിൽ സൈനിക മേൽനോട്ടം വഹിക്കുന്നത് സൈനിക ഓഫീസ് ഡയറക്ടറാണ്.