ഷാർജ: യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനം അടിയന്തിരമായി പാകിസ്താനിൽ ഇറക്കി. ഷാർജയിൽനിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ എയർലൈൻസ് വിമാനമാണ് അടിയന്തരമായി പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിലെ ഒരു യാത്രക്കാരന് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും വൈദ്യസഹായം ആവശ്യമായി വരുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനം കറാച്ചിയിൽ ഇറക്കിയത്.

ഇൻഡിഗോ 6 ഇ 1412 ഷാർജ-ലഖ്‌നൗ വിമാനമാണ് ചൊവ്വാഴ്ച അടിയന്തരമായി വഴിതിരിച്ചുവിട്ട് കറാച്ചിയിലിറക്കിയത്. എന്നാൽ, ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല. കറാച്ചി വിമാനത്താവളത്തിൽവെച്ച് യാത്രക്കാരൻ മരിച്ചുവെന്ന് മെഡിക്കൽസംഘം സ്ഥിരീകരിച്ചതായി എയർലൈൻസ് അറിയിച്ചു. മരണത്തിൽ വിമാനക്കമ്പനി അനുശോചനം രേഖപ്പെടുത്തി.