പാരീസ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരേ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.എസ്.എഫ്.) ചൊവ്വാഴ്ച ജർമൻ കോടതിയിൽ പരാതിനൽകി. മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണിത്. കൊലയിൽ പങ്കുണ്ടെന്നു സംശയിക്കുന്ന അദ്ദേഹത്തിന്റെ അടുത്ത സഹായി സൗദ് അൽ ഖാഹ്താനിയുടെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരുടെയും പേരുകൾ പരാതിയിലുണ്ട്. 2018-ലാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിൽവെച്ച് ഖഷോഗി കൊല്ലപ്പെട്ടത്. തന്റെ നയങ്ങളെ വിമർശിച്ച് വാഷിങ്ടൺ പോസ്റ്റിൽ കോളമെഴുതിയ ഖഷോഗിയെ കൊലപ്പെടുത്താൻ സൽമാൻ ഉത്തരവിട്ടെന്ന യു.എസ്. രഹസ്യാന്വേഷണ റിപ്പോർട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ആർ.എസ്.എഫിന്റെ പരാതി.

2019 ഡിസംബറിൽ, സംഭവത്തിൽ അജ്ഞാതരായ 11 പേർക്ക് സൗദി കോടതി ശിക്ഷ വിധിച്ചെങ്കിലും പ്രധാന പ്രതികൾ രക്ഷപ്പെട്ടുവെന്ന് ആർ.എസ്.എഫ്. പറയുന്നു. മാധ്യമപ്രവർത്തകരെ ആക്രമിച്ച് നിശ്ശബ്ദരാക്കുന്ന സൗദി ഭരണകൂടത്തിന്റെ നയങ്ങളെക്കുറിച്ചുള്ള തെളിവുകൾ കോടതിയിൽ സമർപ്പിച്ചതായി ആർ.എസ്.എഫ്. വ്യക്തമാക്കി. മതനിന്ദ ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട ബ്ലോഗർ റൈഫ് ബദാവി ഉൾപ്പെടെ സൗദിയിൽ ജയിലിൽക്കഴിയുന്ന 34 മാധ്യമപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുന്നു.