ബെയ്ജിങ്: ചൈനയിലെ ഏറ്റവും സമ്പന്നനെന്ന പദവി ആലിബാബ സ്ഥാപകൻ ജാക്ക് മായ്ക്ക് നഷ്ടമായി. രാജ്യത്തെ അതിസമ്പന്നരുടെ ഹാരുൺ ഗ്ലോബൽ റിച്ച് പട്ടിക ചൊവ്വാഴ്ച പുറത്തുവന്നപ്പോൾ ജാക്ക് മായുടെ സ്ഥാനം നാലാമതാണ്.

കുപ്പിവെള്ളനിർമാണ കമ്പനിയായ നോങ്ഫു സ്‌പ്രിങ്ങിന്റെ ഉടമ ഹോങ് ഷാൻഷാനാണ് ഒന്നാമത്. ടെൻസന്റ് ഹോൾഡിങ്‌സ് ഉടമ പോണി മാ, ഇ-കൊമേഴ്‌സ് സ്ഥാപനം പിൻഡുവോഡുവോ സ്ഥാപകൻ കോളിൻ ഹുവാങ് എന്നിവരും മായെ മറികടന്നു. 2019-ലും 2020-ലും മാ ആയിരുന്നു ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ ഒക്ടോബറിൽ ചൈനീസ് സർക്കാരിനെതിരേ നടത്തിയ വിമർശനങ്ങൾക്കു ശേഷം മൂന്നു മാസത്തോളം പൊതുവേദികളിൽനിന്നും മാ അപ്രത്യക്ഷനായിരുന്നു. തുടർന്ന് ആലിബാബയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ചൈനീസ് നിരീക്ഷകർ ശക്തമായ പരിശോധന നടത്തുകയും നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു. ടിക് ടോക് ഉടമസ്ഥരായ ബൈറ്റ് ഡാൻസിന്റെ സ്ഥാപകൻ ഹാങ് യിമിങ് ഇതാദ്യമായി പട്ടികയുടെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽനിന്നു പുറത്തായി.