ദുബായ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ യു.എ.ഇ.യിലും സ്ഥിരീകരിച്ചു. ബുധനാഴ്ച അർധരാത്രിയാണ് യു.എ.ഇ. ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. മറ്റൊരു അറബ് രാജ്യത്തിലൂടെ യു.എ.ഇ.യിൽ എത്തിയ ആഫ്രിക്കൻ സ്വദേശിനിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.

കോവിഡ് വാക്സിനേഷൻ നടപടികൾ ഉൾപ്പെടെ യു.എ.ഇ.യിൽ നിലവിൽ ബാധകമാക്കിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഇവർ രാജ്യത്ത് പ്രവേശിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിലാണെന്നും ഇവർക്ക് രോഗലക്ഷണങ്ങളൊന്നും പ്രകടമല്ലെന്നും ആവശ്യമായ ചികിത്സാനടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്റ്റർഡോസ് ഉൾപ്പെടെ എല്ലാവരും വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

നേരത്തേ, സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽനിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹം ഐസൊലേഷനിലാണ്. രോഗിയുമായി സമ്പർക്കമുണ്ടായിരുന്നവരെ ക്വാറന്റീൻ ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനുമുൻപ് സൗദിയിൽ എത്തിയതാവാം ഇദ്ദേഹം എന്നാണ് കരുതുന്നത്.